
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റഡി സെന്റർ മദ്രസകളിലെ 5, 7 ക്ലാസുകളിലെ പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ സി.ഐ.ഇ.ആർ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിന് പുറമെ സീഡ്‌സ് ഓൺലൈൻ അക്കാദമിയിലെ വിദ്യാർഥികൾ ഓൺലൈൻ ആയും പരീക്ഷയിൽ പങ്കെടുത്തു.
പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 24 വിദ്യാർഥികൾ A+ കരസ്ഥമാക്കുകയും ചെയ്തു.
വിജയികളെ ഖത്തർ ഇസ്‌ലാഹി സെന്റർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ അജ്മൽ ജൗഹർ, കൺവീനർ ഷമീം കൊയിലാണ്ടി എന്നിവർ അഭിനന്ദിച്ചു.
പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ അതാത് മദ്രസകളിലൂടെ ലഭ്യമാകുമെന്ന് പരീക്ഷ വിഭാഗം കൺവീനർ ഷൈജൽ ബാലുശ്ശേരി അറിയിച്ചു.
സി.ഐ.ഇ.ആർ സിലബസിൽ ഏഴു മദ്രസകൾ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ കീഴിൽ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ മദ്രസകളിലും പുതിയ അധ്യയന വർഷം ജൂൺ ആറിന് ആരംഭിക്കുമെന്നും KG മുതൽ 7 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു.










